ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ശനിയാഴ്ച രാത്രി ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും. ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.
122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ വരെയുള്ള ആരോപണങ്ങൾ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്റ്റ് മുതൽ ഒളിവിലായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിത്താവളങ്ങള്‍ നിരന്തരം ഇയാള്‍ മാറ്റിയിരുന്നു.
വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം 8 കോടിയാണ് ഉള്ളത്. സ്വാമി സ്ഥാപിച്ച ഒരു ട്രസ്റ്റിന്‍റേതാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അഞ്ച് അന്വേഷണ സംഘങ്ങളാണ് പോലീസ് ചൈതന്യാനന്ദയെ പിടികൂടാനായി നിയോഗിച്ചിുന്നത്.
SUMMARY: Complaint of sexual harassment of female students; God Swami Chaitananda Saraswati, who was on the run, was arrested