
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റതായും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മകനായ നാല് വയസുകാരന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. രാത്രി 12 മണിയോടെയാണ് സംഭവം. ദമ്പതികളുടെ വളർത്തുമകളായ സുൽഫിയത്ത് കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിവന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തിൽ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയിൽ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാൾ ഓടിപ്പോയി. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ നാലുമണിയോടെ ഇയാളെ കണ്ടെത്തുകയായിരുന്നു
സംഭവമറിഞ്ഞ് നാട്ടുകാരെത്തിയപ്പോഴേക്കും നസീറും സുഹറയും മരിച്ചിരുന്നു. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചു പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതി മുഹമ്മദ് റാഫിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ദമ്പതികളുടെ കൊലപാതകം പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
SUMMARY: Couple hacked to death in Ottapalam, grandson seriously injured, suspect in custody














