കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ജാമ്യ ഉത്തരവിലുള്ളത്.
കെ ജെ ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ കേസെടുത്തത് ആറുമണിക്ക് ശേഷമാണെന്നും 11 മണിയോടെ അറസ്റ്റുണ്ടായെന്നും കോടതി പറഞ്ഞു. ചെങ്ങമനാട് എസ് ഐയ്ക്ക് എങ്ങനെയാണ് അറസ്റ്റ് ചെയ്യാനാവുക എന്നും കോടതി ചോദിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമാണ് എസ്ഐ എന്നും അതുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് മറുപടി നൽകിയത്. ഇതോടെ എസ്‌ഐടി ഓര്‍ഡര്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രീയപരമായ ചോദ്യങ്ങൾ മാത്രമാണ് വീഡിയോയിലുള്ളത്.
വ്യക്തിപരമായി മോശമായി പരാമർശിച്ചിട്ടില്ലെന്നും ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കെ എം ഷാജഹാനെതിരെ രണ്ട് പരാതികളാണ് കെ ജെ ഷൈൻ നൽകിയത്. ആദ്യ പരാതിയിൽ ഷാജഹാനെതിരെ കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ ഷൈൻ വീണ്ടും പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
SUMMARY: Cyber attack against KJ Shine: KM Shahjahan granted conditional bail