ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്നാണ് നടപടി.
നിലവിൽ ആന്ധ്രയുടെ തീരത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേതുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതർ വലിയ തോതിലുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല.
SUMMARY: Cyclone ‘Montha’; Holiday for educational institutions in three states tomorrow, extreme caution














