ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഈ വർഷം മാർച്ചിനുമിടെ തുക തട്ടിയെടുത്തതായി കാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 57 വയസ്സുകാരിയായ ഇവര്‍ പരാതി നൽകിയത്.
ഒരുവർഷം മുൻപുവന്ന ഫോൺ കോളിലൂടെയായിരുന്നു തട്ടിപ്പിന് തുടക്കം. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ ലഭിച്ചെന്ന പേരിലായിരുന്നു ഫോണ്‍ കോള്‍ വന്നത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. മകന്റെ വിവാഹം അടുത്തുവരുന്നതിനാൽ അനാവശ്യമായി കേസുകൾ വേണ്ടെന്നുകരുതി താൻ സംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
സ്വത്ത് ആർബിഐക്ക് മുൻപാകെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പരിശോധിച്ച ശേഷം പണം തിരികെ നൽകുമെന്നും അറിയിച്ചു. 187 ബാങ്ക് ഇടപാടുകളിലൂടെയായിരുന്നു 31.83 കോടി രൂപ കൈമാറിയത്. ബാങ്കിൽ നിക്ഷേപിച്ചിരുന്ന സമ്പാദ്യം മുഴുവൻ പരിശോധനയ്ക്കാണെന്ന് വിശ്വസിച്ചുനൽകുകയായിരുന്നു. തട്ടിപ്പ് സംഘം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ തിരികെ അയച്ചിരുന്നു. എന്നാല്‍ തുക തിരിച്ചു കിട്ടാതായതോടെയാണു തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരാള്‍ക്ക് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ രാജ്യത്ത് നഷ്‌ടപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ തുകയാണിത്.
SUMMARY: Digital arrest: IT employee in Bengaluru loses Rs 32 crore
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.