തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ ഹാരിസ് അവധിയിൽ പോയിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതെന്നതിൽ അന്വേഷണം തുടരുകയാണ്. മോർസിലോസ്കോപ് കാണാതായതല്ലെന്നും ഉപയോഗിക്കാൻ അറിയാത്തതിനാൽ മാറ്റിവെച്ചതാണെന്നുമാണ് ഡോക്ടർ ഹാരിസ് വിശദീകരിച്ചിരുന്നത്. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിടിഎയ്‌ക്ക് ആരോഗ്യമന്ത്രി ഉറപ്പും നൽകി. മന്ത്രിയുമായി കെജിഎംസിടിഎ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തും.
എന്നാൽ ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാല്‍, തന്റെ മുറിയിലെ ബോക്‌സില്‍ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നു ഡോ.ഹാരിസ് വ്യക്തമാക്കി. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. എന്നാല്‍ 2 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കമ്പനി അറിയിച്ചു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണു മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഡോ.ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രിന്‍സിപ്പലും സൂപ്രണ്ടും ഉയർത്തിയ വാദം പൊളിയുകയും ആരോഗ്യവകുപ്പ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
SUMMARY: Dr. Harris may return to work today