
കീവ്: യുക്രൈനിൽ ട്രെയിനിന് നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം. 200-ലേറെ യാത്രക്കാർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരേയാണ് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ ഡ്രോണുകള്‍ സുമി മേഖലയിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിനിനെ ലക്ഷ്യം വെച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഡ്രോൺ ആക്രമണത്തെത്തുടർന്ന് ട്രെയിനിലെ കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
സാധാരണക്കാരായ യാത്രക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനിന് നേരെ നടന്ന ഈ ആക്രമണത്തെ യുക്രൈയ്ന് അപലപിച്ചു. അബുദാബിയില്‍ ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഈ ആക്രമണം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ റഷ്യ രക്തച്ചൊരിച്ചില്‍ തുടരുകയാണെന്ന് യുക്രൈയ്ന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കി പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ ആക്രമണം.
SUMMARY: Drone attack on passenger train in Ukraine, five dead














