റായ്‌പൂർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയില്‍ ശനിയാഴ്ച രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബീജാപ്പൂർ ജില്ലകളിലെ വനമേഖലകളിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ നടന്ന തിരച്ചിലിനിടെയാണ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
2026-ഓടെ രാജ്യം മാവോയിസ്റ്റ് വിമുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഈ വർഷം നടക്കുന്ന ആദ്യത്തെ പ്രധാന ഏറ്റുമുട്ടലാണിത്. 14 മാവോയിസ്റ്റുകളില്‍ 12 പേർ തെക്കൻ സുക്മയിലും രണ്ടു പേർ ബിജാപൂരിലുമായാണ് കൊല്ലപ്പെട്ടത്. ഇവിടെ പുലർച്ചെ 5 മണിക്കായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുക്മയിലെ കോണ്ട ഏരിയ കമ്മിറ്റി സെക്രട്ടറി മാങ്ഡു കൊല്ലപ്പെട്ടവരിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കോണ്ട ഏരിയ കമ്മിറ്റിയിലെ എല്ലാ സായുധ അംഗങ്ങളെയും വധിക്കാൻ സേനയ്ക്ക് സാധിച്ചതായി സുക്മ എസ്.പി കിരണ്‍ ചവാൻ അറിയിച്ചു. 2026 മാർച്ചോടെ രാജ്യത്ത് മാവോയിസത്തെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
SUMMARY: Encounter in Chhattisgarh; Security forces kill 14 Maoists














