ബെംഗളൂരു: ഹാസൻ ആളൂർ ഹള്ളിയൂരില്‍ വീട്ടിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരമായ പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനും ചുറ്റുമതിലിനും ഇടയിലുള്ള സ്ഥലത്തായിരുന്നു സ്ഫോടനമുണ്ടായത്. ഇവിടെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും ഇത് പൊട്ടിത്തെറിച്ചതാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോലീസും ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായരീതിയില്‍ ചില ലോഹഭാഗങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍തന്നെ സ്ഫോടനം സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹാസന്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
SUMMARY: Explosion at home: couple seriously injured