ബെംഗളൂരു: നീറ്റ് പിജി പ്രവേശന പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു പോലീസ് കേസെടുത്തു. പിഎച്ച് (ഫിസിക്കലി ഹാൻഡികാപ്ഡ്) കേൾവിക്കുറവുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് വിദ്യാർഥികള്‍ വ്യാജമായി തയ്യാറാക്കിയത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നു കർണാടകത്തിൽ കൗൺസലിങ് നടത്തുന്ന കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിൽ മല്ലേശ്വരം പോലീസാണ് കേസെടുത്തത്.
മെഡിക്കൽപ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ ഇവര്‍ പിഎച്ച് വിഭാഗത്തിൽ അപേക്ഷ നൽകിയിരുന്നില്ല. എന്നാല്‍ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. കൗൺസലിങ്ങിന്റെ ഭാഗമായി ഇവരെ കേൾവിക്കുറവിന്റെ പരിശോധനയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും നിംഹാൻസിലേക്കും അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
SUMMARY: Fake certificates presented for NEET exam counselling; Case filed against 21 students