ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയില്‍വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1938 ജനുവരി ഏഴിന് ജനിച്ച സരോജ ദേവി ‘അഭിനയ സരസ്വതി’ (അഭിനയ ദേവത) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1955-ല്‍ പതിനേഴാം വയസ്സില്‍ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ല്‍ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.
കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീൻ ജോഡികളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച് തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുള്‍പ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനില്‍ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.
SUMMARY: Famous actress B Saroja Devi passes away