റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം.മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു ഇവർ. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മിന്നല്‍ പ്രളയം ജില്ലയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. 1980 കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ റിസർവോയറിൽ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാൽ അണക്കെട്ട് തകർന്നതോടെ ഇത് മിന്നൽ പ്രളയത്തിന് കാരണമായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
SUMMARY: Flash floods in Chhattisgarh after dam collapse; 4 dead, 3 missing