കണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണത്തിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂലൈ 17ന് മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി അഡീഷനല്‍ ജില്ല കോടതിയില്‍ ഹാജരാക്കി തിരികെ മടങ്ങവെയാണ് പ്രതികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നത്.
ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.ടി പി വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
SUMMARY: Footage of TP murder case suspects drinking alcohol in police custody emerges