കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം ഒൗദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക് 12ന് കൊറ്റാളി സമുദായ ശ്‌മശാനത്തിൽ നടക്കും.
കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന് സ്വദേശിയാണ്. പത്തൊമ്പതാം വയസിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ശ്രീനിവാസൻ 1990ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു.
1992ൽ കേരള പോലീസിൽ എഎസ്‌ഐയായി. എംഎസ്‌പിയിൽ ഡെപ്യൂട്ടി കമാണ്ടന്റും, ആർആർഎഫ്, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളിൽ അസിസ്‌റ്റന്റ് കമാണ്ടന്റായും ജോലി ചെയ്‌തു. 2025 ജൂലൈ ഒന്നിനാണ് മാങ്ങാട്ടുപറന്പ് കെഎപി കമാണ്ടന്റായി ചുമതലയേറ്റത്.
മൃതദേഹം രാവിലെ 10മുതൽ 11വരെ മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയലിനും 12വരെ കൊറ്റാളിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഫുട്‌ബോൾ രംഗത്തെ സഹപ്രവർത്തകർ ഉൾപ്പെടെ അന്ത്യാഞ്‌ജലി അർപ്പിക്കും.
ഭാര്യ: ബീന (പറശ്ശിനിക്കടവ് സിഎച്ച്‌സി സീനിയർ ഫാർമസിസ്‌റ്റ്). മക്കൾ: വിഷ്‌ണു (മറൈൻ എൻജിനീയറിങ് വിദ്യാർഥി), അമീഷ (ഫോറൻസിക് സയൻസ് വിദ്യാർഥി, ബെംഗളൂരു ക്രിസ്‌തു ജയന്തി കോളേജ്).
SUMMARY: Car accident; Three people killed, two seriously injured














