ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ സൈബർ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. കേസിൽ പിടിയിലായ പ്രതിയിൽ നിന്നു പരാതിക്കാരന്റെ ബാങ്കിന്റെ പാസ് ബുക്ക് പിടിച്ചെടുത്തെന്നും ആരോപിച്ചു. തുടർന്ന് വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റിലാക്കി.
പിന്നാലെ പണം നൽകിയാൽ കേസിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കാമെന്ന് പറഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ ചമഞ്ഞ് മറ്റൊരാളും പരാതിക്കാരനെ വിളിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പണം തിരികെ നൽകാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച് പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. എന്നാൽ 2 മാസം ഡിജിറ്റൽ അറസ്റ്റിൽ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ പരാതിക്കാരൻ മകനോടു കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
SUMMARY: 78-year-old man loses ₹83 lakh in digital arrest scam in Bengaluru.