കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത്, അനധികൃത ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കാസറഗോഡ് എന്നീ അഞ്ച് ജില്ലകളിലായി പത്തിടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നവരുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ മുതലാണ് നടപടികള്‍ ആരംഭിച്ചത്.
വിദേശ നാണ്യ വിനിമയ നിയമലംഘനവുമായി (ഫെമ) ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ അന്വേഷണം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്ത് കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹവാല ശൃംഖലകളെക്കുറിച്ച് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. വിദേശത്തിരുന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന മാഫിയാ സംഘങ്ങളുമായി റെയ്ഡ് നടക്കുന്ന ഇടങ്ങളിലെ വ്യക്തികള്‍ക്കുള്ള ബന്ധവും, ഇവര്‍ക്ക് ലഭിക്കുന്ന പ്രാദേശിക സഹായങ്ങളും അന്വേഷണ പരിധിയിലുണ്ട്.
പരിശോധനയില്‍ നിര്‍ണായകമായ പല രേഖകളും പിടിച്ചെടുത്തതായാണ് വിവരം. നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പിടിച്ചെടുത്ത പണത്തെയും രേഖകളെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടാനാകൂ എന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് തടയാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇഡിയുടെ ഈ ഇടപെടല്‍. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പരിശോധനകള്‍ തുടരാനാണ് സാധ്യത.















