ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 2,321.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആകെ 130.85 കിലോമീറ്റർ റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക. 12 പാക്കേജുകളായാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്.
റോഡുകളുടെ ദീർഘകാല ഈടുനിൽപ്പും കുഴികൾ രൂപപ്പെടുന്നത് തടയുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡ് നവീകരണത്തോടൊപ്പം നടപ്പാതകൾ, ജങ്ഷനുകളുടെ പുനർരൂപകൽപ്പന, തെരുവുവിളക്കുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയും വികസിപ്പിക്കും. റോഡുകൾ വീണ്ടും വീണ്ടും കുഴിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, മലിനജല ശൃംഖലകൾ, കേബിൾ ഡക്ടുകൾ, മഴവെള്ള drainage സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിന്റെ മധ്യഭാഗങ്ങളിലെയും പ്രാന്തപ്രദേശങ്ങളിലെയും റോഡുകൾക്ക് തുല്യ പരിഗണന നൽകിയാണ് ഫണ്ട് വിനിയോഗിക്കുന്നത്. വീതിയും ഗതാഗതത്തിരക്കും കണക്കിലെടുത്താണ് റോഡുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
SUMMARY: 88 roads in Bengaluru to white topping; 2,321 crore project
















