ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതൽ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിലേക്കാണ് മാറ്റിയത്. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് ഒക്ടോബർ എട്ടിലേക്കും തിരഞ്ഞെടുപ്പ് കമീഷൻ മാറ്റിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായും ഹരിയാനയിൽ ഒറ്റ ഘട്ടമായുമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്.
<BR>
TAGS : ELECTION COMMISSION | HARYANA
SUMMARY : Haryana Assembly Elections. Change in polling and counting dates