കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93 റൺസിന് ഒമ്പതുവിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പരിക്കേറ്റതിനാൽ ബാറ്റിംഗിന് ഇറങ്ങിയില്ല. ആദ്യ ഇന്നിംഗ്സിൽ തന്നെ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ കഴുത്തിന് പരുക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടർന്ന് ചേസിംഗിനിറങ്ങിയ ഇന്ത്യക്ക് ഒരു ബാറ്റ്സ്മാന്റെ കുറവുണ്ടായി.
സ്കോർ: ദക്ഷിണാഫ്രിക്ക 159, 153 ഇന്ത്യ 189, 93.
വാഷിംഗ്ടണ്‍ സുന്ദറാണ് (31) ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേൽ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറെൽ (13) മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ അന്തകനായത്.
ആദ്യ ഇന്നിംഗ്സിലും ഹാർമർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഹാർമറിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 153 റൺസിൽ അവസാനിച്ചിരുന്നു.
അർധ സെഞ്ചുറിയുമായി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിംഗ്സാണ് (55) പ്രോട്ടീസിനെ 150 കടത്തിയത്. നാല് ബൗണ്ടറിയടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവും സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു.
2012നു ശേഷം ആദ്യമായാണ് ടീം ഇന്ത്യ ഈഡൻ ഗാർഡനിൽ തോൽക്കുന്നത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1 – 0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാത്തിയിൽ ആരംഭിക്കും.
SUMMARY: india-vs-south-africa. First test match South Africa Won the Match













