Monday, August 18, 2025
20 C
Bengaluru

തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഉള്ളൊഴുക്ക്

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രി ഉർവശിയും വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെയും കൈക്കൊണ്ട നിലപാടുകളിലൂടെയും നമ്മളെ ആശ്ചര്യപ്പെടുത്തിയ പാർവതി തിരുവോത്തും ഒരു സിനിമയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം. സിനിമയിലെ സ്ത്രീകൾ ഇവിടെത്തന്നെയുണ്ട്…അവരെങ്ങും പോയിട്ടില്ല…. മനസ്സ് തൊട്ടറിയുന്ന കഥാപാത്രങ്ങളും ഉള്ളുതൊടന്ന അഭിനയ മുഹൂർത്തങ്ങളും ആയി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഇന്ന് തീയേറ്ററുകളിലേക്ക് വരികയാണ്.
കേരളത്തെ ഞെട്ടിച്ച ജോളി ജോസഫ് കേസ് ക്രിസ്റ്റോ ടോമിയുടെ സംവിധാന മികവിൽ ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ ഡോക്യുമെന്ററി ആയപ്പോൾ നെറ്റ്ഫ്ളിക്സിൽ ഇതുവരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അഭിപ്രായങ്ങളും കാഴ്ചക്കാരും ഉണ്ടായി.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ക്രിപ്റ്റ് റൈറ്റിംഗ് കോണ്ടെസ്റ്റ് ആയ സിനിസ്റ്റാൻ ഇന്ത്യ സ്റ്റോറി ടെല്ലേഴ്‌സ് കോണ്ടെസ്റ്റിൽ ലാപത ലേഡീസ് എന്ന ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത സിനിമയുടെ തിരക്കഥയെ മറികടന്ന് ഒന്നാം സ്ഥാനം ലഭിച്ച തിരക്കഥയാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്…സുഷിൻ ശ്യാമിന്റെ സംഗീതം…ഉർവശി…പാർവതി….ഇങ്ങനെ കാരണങ്ങൾ ഏറെയാണ് ഈ സിനിമ കാണുവാൻ.

ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും,തന്റെ സിനിമാ യാത്രയെക്കുറിച്ചും ന്യൂസ് ബെംഗളൂരുവിനോട് ക്രിസ്റ്റോ ടോമി സംസാരിക്കുന്നു.

ആദ്യ സിനിമ എന്ന് പറയുമ്പോൾ വലിയ സ്വപ്നങ്ങൾ ആയിരിക്കും. അതിൽ മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രിയായ ഉർവശി ചേച്ചിയെ ഉൾപ്പെടുത്തണം എന്നൊരു തീരുമാനം ഏതു ഘട്ടത്തിൽ ആയിരുന്നു. താങ്കൾ തന്നെ സംവിധാനം ചെയ്ത കന്യക എന്നൊരു ഷോർട്ട് ഫിലിമിലും ഉർവശിയെ ആരാധിക്കുന്ന ഒരു കന്യാസ്ത്രീയെ കുറിച്ചാണ് പ്രതിപാദിച്ചത്. അപ്പോൾ ഉർവശി എന്ന നടി സിനിമാ മോഹങ്ങൾ ഉണ്ടായി തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ ഉണ്ടായിരുന്നോ?

ഉർവശി എന്ന നടി നമ്മുടെയൊക്കെ ചെറുപ്പകാലത്തെ സിനിമാക്കാഴ്ചകളെ മനോഹരമാക്കി ജീവിതത്തിന്റെ തന്നെ ഭാഗമായ ഒരു വ്യക്തിയാണ്. ഉർവശിച്ചേച്ചിയുടെ വിവിധ ഭാവങ്ങൾ കണ്ടുകൊണ്ടാണ് നമ്മുടെയൊക്കെ സിനിമാമോഹങ്ങളും ആസ്വാദന താൽപര്യങ്ങളും വളർന്നത്. കന്യക ചെയ്യുന്നത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ആണ്. അന്ന് ഒരു ഫീച്ചർ ഫിലിമിന്റെ കഥയെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടായിരുന്നു എന്നതല്ലാതെ അതിന്റെ കാസ്റ്റിംഗിനെ കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നില്ല. തുടക്കത്തിൽ വലിയ താരങ്ങളെ വച്ച് ഈ സിനിമ എടുക്കാം എന്നൊന്നും കരുതിയിരുന്നില്ല. പിന്നീട് ആ ഫീച്ചർ ഫിലിമിന്റെ സ്ക്രിപ്റ്റ് ഒരു ധാരണയായതിനു ശേഷം മാത്രമാണ് ചേച്ചിയെ സമീപിക്കുന്നത്. ആദ്യത്തെ സിനിമ ആയതുകൊണ്ട് വളരെ ചെറിയ രീതിയിൽ ചെയ്യാം എന്ന് തീരുമാനിച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക്. സിനിസ്റ്റാൻ സ്ക്രീൻ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഉള്ളൊഴുക്കിന്റെ തിരക്കഥയ്ക്ക് ലഭിച്ച അംഗീകാരത്തിന് ശേഷമാണ് വിപുലമായ രീതിയിൽ ഈ സിനിമയെ കുറിച്ച് ആലോചിക്കുന്നത്. ഉള്ളൊഴുക്കിന്റെ തന്നെ ഛായാഗ്രഹകനായ ഷഹനാദ് ജലാൽ ആണ് ആദ്യമായി ഉർവശി ചേച്ചിയുടെ പേര് നിർദേശിക്കുന്നത്. ഉള്ളൊഴുക്കിന്റെ കാസ്റ്റിംഗിനെ പറ്റി ഞാൻ കാര്യമായി ആലോചിച്ച് തുടങ്ങിയപ്പോൾ ഉർവശി ചേച്ചി സിനിമയിൽ നിന്നും ഒന്ന് മാറി നിൽക്കുന്ന സമയമായിരുന്നു. പിന്നീട് ചേച്ചിയോട് ഉള്ളൊഴുക്കിന്റെ കഥ പറയുകയും ചേച്ചിക്ക് അത് വളരെയധികം ഇഷ്ടമാവുകയും ചെയ്തു.അതിനുശേഷം ചേച്ചിയില്ലാതെ ആ കഥാപാത്രം ചെയ്യാൻ കഴിയില്ല എന്ന അവസ്ഥയിൽ വരെ ഞാൻ എത്തി. ഉള്ളൊഴുക്ക് കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും.

ക്രിസ്റ്റോ ടോമി

 

◾  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ക്രിപ്റ്റ് റൈറ്റിംഗ് കോണ്ടെസ്റ്റ് ആയ സിനിസ്റ്റാൻ ഇന്ത്യ സ്റ്റോറി ടെല്ലേഴ്‌സ് കോണ്ടെസ്റ്റിൽ ലാപത ലേഡീസ് നെ മറികടന്ന് ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ആത്മവിശ്വാസം അതേ കഥ ആദ്യത്തെ സിനിമയായി പുറത്ത് ഇറക്കുമ്പോൾ മനസിൽ ഉണ്ടോ? ഉള്ളൊഴുക്ക് സൃഷ്ടിച്ചെടുക്കുന്ന യാത്രയിൽ സിനിസ്റ്റാനിലെ ഈ അവാർഡ് എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ഈ കഥയെക്കുറിച്ച് എനിക്ക് ആദ്യം തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു. സിനിസ്റ്റാനിലെ പുരസ്കാരം ലഭിക്കുന്നതിന് മുമ്പേ തന്നെ ഞാൻ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കോ-പ്രൊഡക്ഷൻ മാർക്കറ്റിന്റെയും സ്ക്രീൻ റൈറ്റേഴ്സ് ലാബിന്റെയും ഭാഗമായിരുന്നു. സിനിസ്റ്റാനിൽ എത്തുന്നതിന് മുമ്പേ തന്നെ ഈ സ്ക്രിപ്റ്റുമായി ഇത്തരത്തിൽ ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അവിടുന്നൊക്കെ മികച്ച പ്രതികരണങ്ങളാണ് ഈ കഥയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളതിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു പ്രത്യേകത ഈ കഥയ്ക്ക് ഉണ്ട് എന്ന് തോന്നിയിരുന്നു. സത്യത്തിൽ സിനിസ്റ്റാനിലൂടെ തുറക്കപ്പെട്ടത് ഈ സിനിമയ്ക്ക് സാമ്പത്തികമായി ആവശ്യമുള്ള നിർമ്മാണ സഹായങ്ങൾ ആയിരുന്നു. കാരണം സിനിസ്റ്റാനിലെ പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് ഞാൻ ഉള്ളൊഴുക്കിന്റെ കഥയുമായി കുറച്ചുപേരെ നിർമ്മാണ ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നു. പക്ഷേ അതൊന്നും മുമ്പോട്ട് നീങ്ങിയില്ല എന്ന് മാത്രമല്ല സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളായി വരുന്ന സിനിമ ആയതുകൊണ്ട് പലരും താല്പര്യം പ്രകടിപ്പിച്ചുമില്ല. വെള്ളപ്പൊക്കവും മഴയും ഒക്കെ ഉള്ളതുകൊണ്ട് ചെറിയ ബഡ്ജറ്റിൽ ഈ സിനിമ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. സിനിസ്റ്റാനിൽ വിജയിച്ച ആദ്യ ദിവസം തന്നെ ബോംബെയിലുള്ള പല സ്റ്റുഡിയോകളുമായും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുകയും സിനിസ്റ്റാനിൽ നിന്നു തന്നെ ഒന്ന് രണ്ട് പേർ ഈ കഥ സിനിമയാക്കാൻ താല്പര്യപ്പെട്ട് മുന്നോട്ടുവരികയും ചെയ്തു. അങ്ങനെയാണ് ഹണി ട്രെഹാൻ, റോണി സ്ക്രുവാല, അഭിഷേക് ചയോബേ എന്നിവരുടെ പ്രൊഡക്ഷൻ കമ്പനിയായ മാക്ഗുഫിൻ പിക്ചർസ് ഉള്ളൊഴുക്കിന്റെ നിർമ്മാണം ഏറ്റെടുക്കുന്നത്. സിനിസ്റ്റാൻ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ അത് സംഭവിക്കില്ലായിരുന്നു. ഞാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്ന ഒരു സമയത്താണ് സിനിസ്റ്റാൻ ജയിക്കുന്നതും അതിലൂടെ ഉള്ളൊഴുക്കിലേക്കുള്ള യാത്ര വലിയ രീതിയിൽ പുരോഗമിക്കുന്നതും. സാമ്പത്തികമായി സിനിസ്റ്റാനിലൂടെ ലഭിച്ച പിന്തുണ മറക്കാൻ കഴിയില്ല.

ഉള്ളോഴുക്കില്‍ ഉര്‍വശിയും പാര്‍വതിയും

 

◾ കറി ആൻഡ് സയനൈഡ് സൃഷ്ക്കപ്പെട്ടതിനു പുറകിൽ?

ഗീതു മോഹൻദാസ് നിർദേശിച്ചത് പ്രകാരം ആ ഡോക്യുമെന്ററിക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് ആണ് എന്നെ സമീപിച്ചത്. നോൺ ഫിക്ഷൻ ആയത് കൊണ്ട് തന്നെ എനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. ആ ആശങ്കയിൽ നിന്നും മറികടക്കാനും ഗീതു എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ കഥയുടെയും സംഭവത്തിന്റെയും അസാധാരണതയും പ്രത്യേകതയും കൊണ്ട് അത് ഞാൻ ഏറ്റെടുക്കുകയായിരുന്നു. റീസെർച്ചും എഴുത്തും ഷൂട്ടിങ്ങും പോസ്റ്റ്‌ പ്രൊഡക്ഷനും ഒക്കെ ആയി ആ ഡോക്യുമെന്ററി തീർക്കാൻ രണ്ടര വർഷത്തോളം എടുത്തു.  കറി ആൻഡ് സയനൈഡുമായുള്ള യാത്ര
വളരെ ദൈർഘ്യമേറിയതും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആയിരുന്നിട്ടും ആ ഡോക്യുമെന്ററിയുടെ അന്തിമഫലം തൃപ്തികരമായിരുന്നു. അത്രയധികം സ്വീകാര്യത അതിന് ലഭിച്ചതിൽ ഏറെ സന്തോഷം.

◾ കുറച്ച് നാളായിട്ട് തിയേറ്ററുകളെ ഇളക്കി മറിച്ച മലയാള സിനിമകളിൽ സ്ത്രീകൾ എവിടെ എന്ന ആശങ്കകൾ ഒരു സംവിധായിക അടക്കം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെയൊക്കെ ഇടയിലാണ് രണ്ട് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയിട്ടുള്ള ഉള്ളോഴുക്കിന്റെ പോസ്റ്റർ കാണുന്നത്.
സ്ത്രീകൾ സിനിമ എടുക്കട്ടെ എന്നാൽ മാത്രമേ സ്ത്രീയുടെ സകല വികാരങ്ങളും ക്ലാരിറ്റിയോടെ അവതരിപ്പിക്കാൻ സാധിക്കൂ എന്ന അഭിപ്രായങ്ങളെ പാടേ ഇല്ലാതാക്കി കളയുകയാണ് എന്നാണ് ട്രൈലറും ടീസറും ഒക്കെ തോന്നിപ്പിച്ചത്. ക്രിസ്റ്റോ മുൻപ് ചെയ്ത ഷോർട്ട് ഫിലിമുകളായ കാമുകി,കന്യക ഇതൊക്കെയും സ്ത്രീ പ്രധാന്യമുള്ളതായിരുന്നു. സ്ത്രീയുടെ ഉള്ളോഴുക്ക് എങ്ങനെയാണ് ഇത്ര വ്യക്തമായി പറയാൻ സാധിച്ചത്?

ഇതൊക്കെയും അവിചാരിതമായി സംഭവിച്ചു എന്നല്ലാതെ
അതിന് കൃത്യമായ ഉത്തരം പറയാൻ എനിക്ക് അറിയില്ല.ഈ ചോദ്യത്തിന്റെ ഉത്തരം ഒരു അഭിമുഖത്തിൽ ഉർവശി ചേച്ചി പറഞ്ഞത് ഇവിടെ ചേർക്കുക ആവും നല്ലത് എന്ന് തോന്നുന്നു. ചെറുപ്പം മുതലേ കുടുംബത്തിനകത്തുള്ള എല്ലാവരുടെയും വികാരങ്ങളെ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തിയായിരിക്കണം ഞാൻ എന്നാണ് ചേച്ചി പറഞ്ഞത്. ഞാൻ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ സ്ത്രീകളുടെ ഒക്കെ വൈകാരികതകളുടെ ഒരു മിശ്രണം തന്നെയാണ് എന്റെ കഥാപാത്രങ്ങൾ.

കറി ആൻഡ് സയനൈഡ്

പാർവതിയെ തിരഞ്ഞെടുത്തത്?

ഉള്ളോഴുക്കിന് വേണ്ടി അഭിനേതാക്കളെ തിരയാൻ ആരംഭിച്ചപ്പോൾ പാർവതി തന്നെ ആയിരുന്നു മനസിൽ. നേരത്തെ പറഞ്ഞത് പോലെ ഗീതു മോഹൻദാസ് ആണ് പാർവതിക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ഗീതു സിനിമയിൽ എന്നെ വളരെയധികം സഹായിച്ചിട്ടും പിന്തുണച്ചിട്ടുമുള്ള വ്യക്തിയാണ്. ആദ്യമായി കഥ കേട്ടപ്പോൾ കഥയും കഥാപാത്രവും പാർവതിക്ക് ചെയ്യാവുന്നതിലും അപ്പുറം തീവ്രവും ആഴത്തിലുള്ളതും ആണെന്ന് പറഞ്ഞ് കൊണ്ട് അതിൽ നിന്ന് മാറി നിൽക്കുകയാണ് ചെയ്തത്. കോവിഡ് അടക്കം ഒരുപാട് കാരണങ്ങൾ കൊണ്ട് ആ സിനിമയുടെ പ്രവർത്തനങ്ങൾ പിന്നെയും നീണ്ട് പോയി. പിന്നീട് സിനിസ്റ്റാൻ ജയിച്ചു കഴിഞ്ഞ് ഹണി അടക്കമുള്ള നിർമ്മാതാക്കളൊക്കെ മുന്നോട്ട് വന്നതിനു ശേഷം വീണ്ടും പാർവതിയോട് സംസാരിച്ചപ്പോൾ പാർവതി ഈ സിനിമ ചെയ്യാൻ വേണ്ടി മുന്നോട്ട് വന്നു. ഉർവശി ചേച്ചിയും പാർവതിയുമൊക്കെ കഥാപാത്രത്തേക്കുറിച്ച് നന്നായി പഠിച്ച് അതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അഭിനയിക്കുന്ന വ്യക്തികളാണ്.

◾  ക്രിസ്റ്റോ ചെയ്തിട്ടുള്ള ഷോർട്ട് ഫിലിമുകളും ഇപ്പോൾ ഉള്ളോഴുക്കും എല്ലാം വൈകാരികമായി ആഴത്തിൽ ഇറങ്ങിചെല്ലുന്ന ആളുകളെ ആശങ്കയുടെ മുനയിൽ നിർത്തുന്ന സിനിമകളാണ്.സിനിമ ഒരു വിനോദമാവണം എന്ന് ഒരുപാടു പേർ അഭിപ്രായപ്പെടുന്നു.അതിനോട് ക്രിസ്റ്റോയുടെ സമീപനം എങ്ങനെയാണ്?

ഞാൻ ഒരു സിനിമ കാണാൻ പോകുന്നതും ആസ്വദിക്കാൻ തന്നെയാണ്. കിരീടവും ഭരതവുമൊക്കെ ആളുകൾ ഏറ്റെടുത്ത് ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ സിനിമകളാണ്. അതൊക്കെയും സന്തോഷമുള്ള മുഹൂർത്തങ്ങൾ മാത്രം സമ്മാനിച്ച സിനിമകൾ ആയിരുന്നില്ല. ചിരിയും കരച്ചിലും ത്രില്ലും പ്രണയവും തുടങ്ങി നമ്മുടെ എല്ലാ വികാരങ്ങളെയും ഉണർത്തുന്ന ഒന്നാണ് സിനിമ എന്നാണ് എന്റെ കാഴ്ചപ്പാട്. വിനോദം എന്നത് ഓരോ വ്യക്തികളുടെയും വീക്ഷണമനുസരിച്ച് വ്യത്യാസപ്പെടും എന്നും കരുതുന്നു. പുതിയൊരു അനുഭവമുണ്ടാകാൻ വേണ്ടിയാണല്ലോ നമ്മൾ ഓരോരുത്തരും സിനിമ കാണുന്നത്.അതിനുവേണ്ടിയാണ് നമ്മൾ രണ്ടര മണിക്കൂർ സമയത്തിന് വേണ്ടിയുള്ള പണം ചെലവഴിക്കുന്നതും. ഒരു സിനിമ ആസ്വദിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ഒരു സ്ക്രീനിൽ കാണുന്ന കാഴ്ചകളിലൂടെ അനുഭവിച്ചറിയുകയാണ്. ആ ആസ്വാദനം എന്നത് ഒരു മനുഷ്യന്റെ ഏതുതരം വികാരങ്ങളും ആവാം എന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരുടെ വൈകാരികതകളോട് ചേർന്ന് സഞ്ചരിക്കുന്ന,അവരെയും പങ്കു ചേർക്കുന്ന,അവരെ പിടിച്ചിരുത്തുന്ന സിനിമകൾ ചെയ്യാനാണ് താല്പര്യം.അതിന് ഒരു പ്രത്യേക ജോണറിൽ ഉള്ള സിനിമകളിൽ കൂടി മാത്രം സഞ്ചരിക്കണം എന്നില്ല.എല്ലാത്തരം സിനിമകൾ ചെയ്യുവാനും ആഗ്രഹമുണ്ട്.

സിനിമ യാത്രയിൽ സ്വാധീനിച്ചിട്ടുള്ള വ്യക്തികൾ അനുഭവങ്ങൾ പങ്കുവെക്കാമോ…

ഉള്ളൊഴുക്കിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്റെ അമ്മച്ചിയും അമ്മയുടെ സഹോദരനുമാണ്. അവരുടെ വീട്ടിലാണ് ഞങ്ങൾ ഈ കഥ ഷൂട്ട് ചെയ്യുന്നത്. 2005ലെ വെള്ളപ്പൊക്ക സമയത്ത് ആ വീട്ടിൽ തന്നെ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട സംഭവമാണിത്. സിനിമ ഷൂട്ട് ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് വേണ്ടി എന്റെ അമ്മച്ചിയും അങ്കിളും അമ്മായിയും അവരുടെ കുട്ടികളും ഒക്കെ ആ വീട്ടിൽ നിന്ന് മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറി. പക്ഷേ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നതിന് പത്തു ദിവസം മുമ്പ് കോവിഡ് ഉൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ടും അത് നടക്കില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. പിന്നീട് ആ പ്രോജക്ട് അതിന്റെ തുടക്കം മുതൽ വീണ്ടും സജ്ജീകരിക്കേണ്ട സാഹചര്യം ഉണ്ടായി. ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ നടത്തിയതിനാൽ ആ വീട് താമസിക്കാൻ യോഗ്യമല്ലാത്തത് കൊണ്ട് തന്നെ ഒന്നര വർഷത്തോളം അമ്മച്ചിയും അങ്കിളും അടക്കം എല്ലാവരും വാടകവീട്ടിൽ താമസിക്കേണ്ടി വന്നു. ഷൂട്ടിംഗ് തീരുന്നത് വരെ അവരെല്ലാവരും ക്ഷമയോടെ കാത്തിരുന്നത് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഉള്ളൊഴുക്കിനെ കുറിച്ച് ആലോചിക്കുമ്പോൾ അവരെല്ലാവരും തന്ന പിന്തുണയാണ് എനിക്ക് ഏറ്റവും വലിയ ഓർമ്മയായി നിലനിൽക്കുന്നത്.

സിനിമ യാത്രയിൽ പലരീതിയിലും എന്നെ പിന്തുണച്ച ഗീതു മോഹൻദാസ്, ഉള്ളൊഴുക്കിന്റെ നിർമ്മാതാക്കളായ ഹണി ട്രെഹാൻ ഇവരെയൊക്കെയും നന്ദിയോടെ ഓർക്കുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ മാത്രമല്ലാതെ എഴുതിവെച്ച ഉടമ്പടികൾക്കുമപ്പുറം ആത്മബന്ധം ഹണിയുമായി ഉണ്ടായിരുന്നു. ഹണിയുടെ ലാഭങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ സിനിമ നന്നാവണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ഉള്ളൊഴുക്കിന്റെ ഛായാഗ്രാഹകനായ ഷഹനാദ് ജലാൽ തുടക്കം മുതലേ ഇതിനുവേണ്ടി എന്റെ കൂടെ നിൽക്കുന്ന വ്യക്തിയാണ്. ഇതുപോലെ ഒരുപാട് വ്യക്തികൾ ഉള്ളൊഴുക്കിന്റെ യാത്രയിൽ എന്നെ ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്ന അധ്യാപകർ ഒക്കെ എന്റെ സിനിമ പഠനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

◾ സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും ഉള്ളോഴുക്കിനെ പറ്റി വലിയ പ്രതീക്ഷകൾ പങ്കുവെക്കുന്നുണ്ട്. ക്രിസ്റ്റോ ടോമിയും ഉള്ളൊഴുക്കിന്റെ തിരക്കഥയും സിനിസ്റ്റാനും ഒക്കെ ആണ് ആ പ്രതീക്ഷയിൽ ആദ്യം. ഉർവശി, പാർവതി ഇങ്ങനെ പല പ്രതീക്ഷകളുമായി സിനിമ കാണാൻ വരുന്നവരോട് എന്താണ് സിനിമയെക്കുറിച്ചു പറയാൻ ഉള്ളത്?

തീവ്രമായ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണിത്. ഉർവശി ചേച്ചിയുടെയും പാർവതിയുടെയും ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ളൊഴുക്കിൽ കാണാൻ സാധിക്കും.വെള്ളപ്പൊക്ക സമയത്ത് നടക്കുന്ന ഒരു കഥ ആയതുകൊണ്ട് തന്നെ അത് നൽകുന്ന കാഴ്ചയുടെയും ശബ്ദത്തിന്റെയും അനുഭവങ്ങൾ പൂർണ്ണമായും തിയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കേണ്ടതാണ്. പുറം കാഴ്ചകൾ കൂടാതെ അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ഈ സിനിമയുടെ ശക്തി. അത്രയും ആഴമേറിയതും തീക്ഷണവുമായ അഭിനയ മുഹൂർത്തങ്ങളും സുഷിൻ ശ്യാമിന്റെ സംഗീതവുമൊക്കെ ഒരു തിയേറ്ററിൽ ഇരുന്ന് അനുഭവിക്കുമ്പോഴാണ് കൂടുതൽ ആഴത്തിൽ പ്രേക്ഷകരുടെ ഉള്ളിലേക്ക് ഇഴുകി ചേരുക എന്ന് വിശ്വസിക്കുന്നു.
<br>
TAGS : NBCinema | CHRISTO TOMY | ULLOZHUKKU

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര...

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം...

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്,...

Topics

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page