ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്.
ന്യൂ ഇയറിന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. പിതാവിൻ്റെ പരാതിയില്‍ പറയുന്നതിങ്ങനെ, മകൾ അമ്മായിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ഫാംഹൗസ് പാർട്ടിയെക്കുറിച്ച് ചോദിക്കാനായി പെണ്‍കുട്ടിക്കരികിില്‍ പ്രതി കാർ നിർത്തി. പെൺകുട്ടി പ്രതികരിക്കാതിരുന്നപ്പോൾ, പ്രതി പെണ്‍കുട്ടിയെ വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി എന്നും വാഹനത്തില്‍ മറ്റൊരാൾ ഉണ്ടായിരുന്നെന്നും പിതാവ് പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് പോകുന്നതിന് മുമ്പ് മദ്യപിക്കാൻ വേണ്ടി, കാറോടിച്ചിരുന്ന യുവാവ് മറ്റൊരു വഴി തെരഞ്ഞെടുത്തത്തായി പരാതിയിൽ പറയുന്നു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെൺകുട്ടി പ്രതിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സഹോദരനെ വിളിക്കുകയും പിന്നീട് കാർ ട്രാക്ക് ചെയ്തപ്പോൾ അത് ഒരു കടയുടെ ഷട്ടറിൽ ഇടിച്ചതായി കണ്ടെത്തിയെന്നും അപ്പോഴാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നീ ആരോപണങ്ങൾ പ്രതി നിഷേധിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം കഴിഞ്ഞ് താൻ തുമകൂരുവിലേക്ക് മടങ്ങുകയായിരുന്നെന്ന് അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അപ്പോഴാണ് തന്നോട് പെൺകുട്ടി ലിഫ്റ്റ് ചോദിച്ചതെന്ന് പ്രതി പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛൻ്റെയും സഹോദരൻ്റെയും മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: Kidnapped and molested minor girl: YouTuber arrested in Bengaluru














