പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി ഏകദേശം 300 സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. ലഭിച്ച ഇടെൻഡറുകള്‍ പരിശോധിച്ചുവരികയാണ്.
കിലോമീറ്റർ നിരക്കില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകള്‍ക്കായിരിക്കും മുൻഗണന. ഡ്രൈവറടക്കം ബസ് നല്‍കാൻ തയ്യാറുള്ള ഉടമകളില്‍ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തില്‍ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസുകളുടെ മാതൃകയിലുള്ള വാഹനങ്ങളെയാണ് പരിഗണിക്കുന്നത്. സ്വകാര്യ ബസുകള്‍ ഓടിക്കുന്നതിലൂടെ തീർഥാടകരില്‍നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നാണ് നിലവിലെ തീരുമാനം.
കെ.എസ്.ആർ.ടി.സി. സർവീസുകള്‍ക്ക് ബാധകമായ നിരക്കുതന്നെ വാടകയ്ക്ക് എത്തുന്ന ബസുകളിലും ഈടാക്കും. എ.സി. ബസുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ കരാർ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് ടെൻഡർ നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി. കടന്നത്.
എന്നാല്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികള്‍. നിലവില്‍ പമ്പയിലേക്ക് സ്ഥിരമായി സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകള്‍ ശബരിമല സീസണില്‍ മാറ്റിനിർത്താനുള്ള സാധ്യതയുണ്ട്. പമ്പയിലെ തിരക്ക് കണക്കിലെടുത്ത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകള്‍ക്കാണ് കെ.എസ്.ആർ.ടി.സി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
SUMMARY: KSRTC to deploy private buses during Sabarimala season
















