ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. രാഷ്ട്രീയ കണ്‍സള്‍ട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസില്‍ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ ഹർജിയില്‍ മമത ബാനർജിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംസ്ഥാന പോലീസും ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന ഇഡിയുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
ബംഗാള്‍ ഡിജിപി രാജീവ് കുമാർ, കൊല്‍ക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വെർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ആഭ്യന്തര മന്ത്രാലയം, കേന്ദ്ര പഴ്‌സണല്‍ ആൻഡ് ട്രെയിനിംഗ് വകുപ്പ്, മമതാ ബാനർജി, ബംഗാള്‍ സർക്കാർ എന്നിവരില്‍ നിന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് മറുപടി തേടി. പ്രശ്‌നത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോടതി മറുപടി തേടിയിട്ടുണ്ട്.
പ്രഥമദൃഷ്‌ട്യാ ഇഡിയുടെ ഹർജിയില്‍ ഗൗരവകരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന ഏജൻസികളുടെ ഇടപെടലും അന്വേഷണവും ഗൗരവകരമാണെന്നാണ് കോടതി പറഞ്ഞത്. ‘ഇവിടെ ഉയർന്നുവരുന്ന വലിയ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ അത് നിയമരാഹിത്യത്തിലേക്ക് നയിച്ചേക്കും. ഗുരുതരമായ ഒരു കുറ്റകൃത്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികള്‍ ശ്രമിക്കുമ്പോള്‍ പാർട്ടി പ്രവർത്തനം വഴി അവ തടസപ്പെടുത്താമോ?’കോടതി ചോദിച്ചു. കേസില്‍ വാദം കേള്‍ക്കലിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തില്‍ വളരെ അസ്വസ്ഥതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.
SUMMARY: Mamata Banerjee suffers setback in Supreme Court; Case against ED stays














