ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് എടത്വാ പച്ച പരിച്ചിറ വീട്ടിൽ സുമേഷ് (42) പിടിയിലായത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
പരാതിക്കാരിക്ക് കലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സായി ജോലി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എം.ബി.ബി.എസ്, ബി.എസ്.സി നഴ്സിങ് പ്രവേശനം നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിലൂടെ ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം പണം നൽകിയവരെ വിശ്വസിപ്പിക്കാനായി വ്യാജ നിയമന ഉത്തരവുകളും നൽകിയാണ് പ്രതി മുങ്ങിയത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവല്ലയിൽനിന്നാണ് സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും നിയമനത്തട്ടിപ്പു നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
SUMMARY: Man arrested for embezzling money by issuing fake appointment orders














