
ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിന് ജനുവരി 22 മുതല്‍ 21 ദിവസം അവധി നല്കി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കേണ്ടതാണ്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.
മുണ്ടിനീര്
മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.
SUMMARY: Mumps outbreak; District Collector declares 21-day holiday for a school in Alappuzha













