ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനായി സി.ഐ.ഡി ഐ.ജി.പി ചേതൻ സിംഗ് റാത്തോറിനെ നിയമിച്ചു. നിലവിലെ എസ്.ഐ.ടി തലവനായിരുന്ന ഐ.ജി.പി എൻ. ശശികുമാറിന് പകരമാണ് പുതിയ നിയമനം. എസ്.ഐ.ടി അംഗമായിരുന്ന അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ASP) വെങ്കിടേഷ് പ്രസന്നയ്ക്ക് പകരം ഹാസൻ ജില്ലയിലെ എ.എസ്.പി ശ്രീനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മംഗളൂരു കമ്മിഷണറായിരുന്ന ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ നീതിലഭിക്കില്ലെന്ന് വിദ്യാർഥിനിയുടെ കുടുംബവും സാമൂഹികപ്രവർത്തകരും അഭിപ്രായപ്പെടുകയും അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണചുമതലയിൽനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ശശികുമാർ കഴിഞ്ഞദിവസം ഡി.ജി.പി.ക്ക് കത്തുനൽകിയിരുന്നു.
2012 ഒക്ടോബർ ഒൻപതിന് കോളേജിൽനിന്ന് മടങ്ങുന്നതിനിടെ കാണാതായ വിദ്യാർഥിനിയെ പിന്നീട് കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമായി. കേസിൽ ഒരാൾ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വിടൂയച്ചു. വിദ്യാർഥിനിയുടെ പിതാവിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 24-നാണ് കർണാടക സർക്കാർ ശശികുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ എസ്.ഐ.ടി രൂപീകരിച്ചത്.
SUMMARY: Murder of Dharmasthala student: SIT chief replaced
















