ബെംഗളൂരു: ഇന്ദിരാനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ പർപ്പിൾ ലൈനിലെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ തിരക്കേറിയ സമയത്തുണ്ടായ സംഭവത്തെത്തുടർന്ന് നിരവധി യാത്രക്കാർക്ക് വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്താനായത്.
രാവിലെ 9.22-ഓടെയാണ് യാത്രക്കാരൻ മെട്രോ ട്രാക്കിലേക്ക് ഇറങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാരും മെട്രോ അധികൃതരും അടിയന്തര നടപടികൾ സ്വീകരിച്ചു. ട്രാക്കിലെ വൈദ്യുതി ബന്ധം നിയന്ത്രിക്കുകയും എമർജൻസി സ്റ്റോപ്പ് പ്ലഞ്ചർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരനെ ട്രാക്കിൽനിന്ന് സുരക്ഷിതമായി മാറ്റി.
സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും നിയന്ത്രിക്കുകയും ചെയ്തു. യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഗ്രീൻ ലൈനിലെ ചില സർവീസുകളിലും നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഏകദേശം പത്തുമിനിറ്റോളം സർവീസ് തടസ്സപ്പെട്ടതായാണ് വിവരം. രാവിലെ 9.40-ഓടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
SUMMARY: Passenger enters tracks at metro station; services disrupted















