കൊച്ചി: മുത്തങ്ങയില്‍ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ എം ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ അടക്കമുള്ള നാലുപേർ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
ഗൂഢാലോചനയില്‍ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധിയില്‍ എങ്ങനെ വിചാരണക്കോടതിക്ക് പറയാനാകുമെന്ന് കോടതി ചോദിച്ചു. വിധി സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലില്‍ സിബിഐയ്‌ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. അപ്പീല്‍ പിന്നീട് പരിഗണിക്കാൻ മാറ്റി. പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ചത്.
മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടത്.
SUMMARY: Muthanga Salam attempted murder case: High Court finds errors in the sentencing of the accused, including M. Geethanandan
















