ബെംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസി. ദസറ ദിനങ്ങളിൽ കർണാടക ആർടിസി 610 സ്പെഷ്യൽ സർവീസാണ് നിരത്തിലിറക്കുന്നത്. 360 ബസുകൾ മൈസൂരു ഡിവിഷനും 250 ബസുകൾ ബെംഗളൂരു ഡിവിഷനുമാണ് സർവീസ് നടത്തും. നിലവിലുള്ള 700 ബസിനുപുറമേയാണിത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ 150 ബസുകൾകൂടി അധികസർവീസ് നടത്തും. അയൽജില്ലകളായ മാണ്ഡ്യ, ചാമരാജനഗർ, കുടക്, ഹാസൻ, തുമകൂരു, ചിത്രദുർഗ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി മൈസൂരു റൂറൽ ഡിവിഷൻ 80 അധിക സ്പെഷ്യൽ ബസുകളും സർവീസ് നടത്തുന്നുണ്ട്.
കുടകിൽനിന്നും മൈസൂരുവിലേക്കും സ്പെഷ്യൽ സർവീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഞ്ചൻകോട്, ടി നരസിപുര, എച്ച്ഡി കോട്ടേ, ഹുൻസൂർ, കെആർ നഗർ, പെരിയപട്ടണ, സരഗരു, സാലിഗ്രാമ, ബന്നൂർ, തലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മൈസൂരുവിലേക്ക് സ്പെഷ്യല്‍ സർവീസുകള്‍ ഉണ്ട്.