ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം നടന്ന കെട്ടിടവും ഇതിന് അടുത്ത കെട്ടിടവും നിർമിച്ചിരിക്കുന്നത് നിയമംലംഘിച്ചുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സത്വര നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉടമകൾക്ക് നോട്ടീസ് അയക്കുമെന്നും കെട്ടിടം ബലപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുമാറ്റുമെന്നും എന്നും അപകട സ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.
നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങളുടെ നിര്‍മാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം ലഭിച്ച കെട്ടിടത്തിനുള്ള അനുമതിക്ക് പുറമേ മുകളിലേക്ക് അനധികൃതമായി നിലകൾ കൂട്ടിയെടുക്കുന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ഇത്തരത്തിൽ നിയമം ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ആണ് ഉപമുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇതിന്റെ ആദ്യപടിയായി പ്രത്യേക പരിശോധന നടത്തും. തെറ്റുതിരുത്താൻ അവസരംനൽകും. ഇതിന് തയ്യാറാകാതെ വന്നാൽ അടുത്തഘട്ടനടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും.
SUMMARY: Nagarathpet fire disaster; The government has taken strict action against illegal buildings