ലഖ്നൗ: ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ ലാന്‍സ് നായിക്കായി ജോലി ചെയ്തിരുന്ന 24-കാരനായ ആദര്‍ശ് കുമാര്‍ (ലക്കി) ആണ് ആഗ്രയില്‍ പിടിയിലായത്.
തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങള്‍ ആദര്‍ശ് കുമാര്‍ പാക് ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്തതായി എടിഎസ് സ്ഥിരീകരിച്ചു. രഹസ്യങ്ങള്‍ കൈമാറിയതിന് പുറമെ, സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പാക് ഏജന്റിന് പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ഇടപാടുകളും നിരീക്ഷിച്ചു വരികയായിരുന്നു എടിഎസ്.
മതിയായ തെളിവുകള്‍ ലഭിച്ചതോടെ തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം സൈനികരെ പ്രലോഭനങ്ങളില്‍ കുടുക്കുന്ന രീതി ഐഎസ്‌ഐ വ്യാപകമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ നിന്നും സമാനമായ രീതിയില്‍ ചാരപ്രവൃത്തി നടത്തിയ ഝബ്രറാം എന്നൊരാള്‍ പിടിയിലായിരുന്നു.
SUMMARY: Navy officer arrested in Agra for leaking secrets to Pakistani spy agency















