ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ബെംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്. കായികരംഗത്തെ സംഭാവനകൾക്കു രാജ്യം 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചു. ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.
ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബെംഗളുരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങൾ: മേരി ജോൺ, സ്‌റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി
SUMMARY: Olympian Manuel Frederick passes away in Bengaluru; first Malayali to win an Olympic medal


 
                                    









