ധാക്ക: ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. നർസിങ്ഡി ജില്ലയിൽ ആണ് സംഭവം. മാരകായുധങ്ങൾ കൊണ്ടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ കൊലപാതകമാണിത്. ഇന്നലെ ഒരു ഒരു ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 45-കാരനായ റാണാ പ്രതാപിനെ ഇന്നലെ ജഷോർ ജില്ലയിലെ അരൂവ ഗ്രാമത്തിലാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
മറ്റൊരു സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു. കാളിഗഞ്ചിൽ, 40 കാരിയായ വിധവയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. വസ്തു തർക്കത്തിന്റ പേരിലാണ് ആക്രമണം എന്നാണ് റിപ്പോർട്ട്.
അതേസമയം, ബംഗ്ലാദേശിലെ യൂനുസ് സർക്കാറിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നിലനിൽക്കുന്ന നിരന്തരമായ ശത്രുത ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
SUMMARY: One more Hindu youth killed in Bangladesh; Second murder in 24 hours














