തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. രണ്ടുമാസത്തിനുള്ളില്‍ തുക കൈമാറണമെന്നും ഉത്തരവിലുണ്ട്.
അതേസമയം ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവർക്കെതിരെ നടപടിയെടുക്കാനും സർക്കാരിനോടു കമ്മീഷൻ നിർദേശിച്ചു. 2025 ജൂലൈ 13-നായിരുന്നു സംഭവം. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു രവീന്ദ്രൻ നായർ. ഇതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നശേഷം അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് ആള്‍ കുടുങ്ങിയ കാര്യം പുറത്തറിഞ്ഞത്.
തകരാറിലായ ലിഫ്റ്റ് പൂട്ടുകയോ അപായ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കയറാൻ കാരണയായത്. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതില്‍ വീഴ്ച സംഭവിച്ചതായും മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.
രവീന്ദ്രൻ നായരുടെ ജീവൻ അപകടത്തിലാവുമായിരുന്നെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതിനാല്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
SUMMARY: Patient trapped in lift at medical college; Order to pay Rs 5 lakh compensation














