കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോള്‍ അനുവദിച്ചത്. വളരെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ ഇരട്ടക്കൊലപാതകം നടന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കേസിലെ കുറ്റവാളികളായ ഒമ്പതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു.
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെ മാറ്റുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം. ഒമ്പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
SUMMARY: Periya double murder case; Fourth accused granted parole