തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡി നടപടി.
പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ കേസിൽ ഇതുവരെ ആകെ 129 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ.ഡി അറിയിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചതിന് ശേഷം സംഘടന കൈവശം വെച്ചിരുന്ന ഏതാനും സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
SUMMARY: Popular Front’s assets worth Rs 67 crores seized













