തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചത്. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.
2019 ഓഗസ്റ്റ് 31നാണു സജിതയെ പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയല്‍വാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെയും പ്രതി ചെന്താമര വെട്ടിക്കൊന്നത്. അതേസമയം, ഇടുക്കി കട്ടപ്പനയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനും മന്ത്രിസഭാ യോഗത്തില്‍ ധനസഹായം പ്രഖ്യാപിച്ചു.
ജയറാം, മൈക്കിള്‍, സുന്ദരപാണ്ടിയൻ എന്നിവർക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്കും ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും.
SUMMARY: Pothundi murder case: Rs 3 lakh financial assistance to daughter of Sudhakaran-Sajitha couple














