ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നാല് തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്. ബെംഗളൂരു സെൻട്രൽ ജയിൽ സൂപ്രണ്ട്,സംഭവത്തിനു ശേഷം സസ്‌പെൻഷനിലുള്ള ഇമാംസാബ് മ്യഗേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തടവുകാരായ കാർത്തിക് എന്ന ജിത്രെ പാട്രിക്, ധനഞ്ജയ് എന്ന രേണുകപ്രസാദ്, മഞ്ജുനാഥ് വി എന്ന കോളി മഞ്ജ, ചരൺ റാവു ബി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
ആരാണ് വീഡിയോ റെക്കോർഡ് ചെയ്തത്, മൊബൈൽ ഫോൺ എങ്ങനെയാണ് അകത്തേക്ക് കൊണ്ടുവന്നത്, ജയിൽ പരിസരത്തിന് പുറത്ത് ദൃശ്യങ്ങൾ ആരാണ് പ്രക്ഷേപണം ചെയ്തത്, ആരാണ് മാധ്യമങ്ങൾക്ക് ഇത് നൽകിയത് എന്നിവ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ചോർത്തുന്നതിനും ഉത്തരവാദികളായവർക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ജയിൽ ചീഫ് സൂപ്രണ്ട് കെ. സുരേഷയെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. സൂപ്രണ്ട് ഇമാംസാബ് മ്യഗേരി, അസിന്റ്റ് സൂപ്രണ്ട് അശോക് ഭജന്ത്രി എന്നിവരെ സസ്പെൻഡ് ചെയ്തു. തടവു കാർക്ക് വിഐപി പരിഗണന ലഭിക്കുന്നതായുള്ള ആരോപണം അന്വേഷിക്കാൻ എഡിജിപി ആർ. ഹിതേന്ദ്രയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയമിച്ചിട്ടുണ്ട്.
SUMMARY: Prisoners’ dance party in jail; Case filed against four inmates













