ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിംഗ് , എമർജൻസി ബ്രേക്കിംഗ് മുതലായവ തൃപ്തികരമാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ വിലയിരുത്തി
സുരക്ഷാ പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിന് ഉണ്ടാകുക. ഇതിൽ എസി ഫസ്റ്റ് ക്ലാസ്, 2-ടയർ എ.സി, 3-ടയർ എ.സി എന്നിങ്ങനെ വിവിധ ശ്രേണികളുണ്ടാകും.
യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകളും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൌകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.
അതേസമയം ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ ആദ്യം ഓടുകയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേയോ, മന്ത്രിയോ തയ്യാറായിട്ടില്ല. ഏറ്റവുമധികം സാധ്യത ദില്ലി-ഹൌറ, ദില്ലി-പാട്ന റൂട്ടുകളിലാണെന്നാണ് സൂചന. ഇതിൽ മുൻഗണന ദില്ലി-പാട്ന റൂട്ടിനായിരിക്കുമെന്നും സൂചനയുണ്ട്.
SUMMARY: Vande Bharat Sleeper arrives after long wait; High Speed Trial Completed
















