തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സുരേഷ് കുമാറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്‌സോണല്‍ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും. അതേസമയം എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പറയുന്നു.ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‍പ്പെടുത്തുകയും പിന്നീട് റെയില്‍വെ പോലീസിന് കൈമാറുകയും ചെയ്തത്.
SUMMARY: Railway Police files chargesheet in case of girl being pushed off train
















