തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 184 റണ്‍സിന് അവസാനിക്കുകയായിരുന്നു. 39 റണ്‍സ് നേടിയ ഏദൻ ആപ്പിള്‍ ടോമാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. ഏദനു പുറമെ ഓപ്പണിങ് ബാറ്റർ കൃഷ്ണ പ്രസാദിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.
ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (15), സച്ചിൻ ബേബി (12), എന്നിവർ നിരാശപ്പെടുത്തി. കർണാടകയ്ക്കു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനാണ് കേരളത്തിനെ തകർത്തത്. മൊഹ്സിനു പുറമെ വിദ‍്യുത് കവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാല്‍ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒരിന്നിങ്സിനും 164 റണ്‍സിനും ജയിച്ചതോടെ കർണാടകയ്ക്ക് 7 പോയിന്‍റ് ലഭിക്കും. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കേരളം. 2 പോയിന്‍റുകളാണ് കേരളത്തിനുള്ളത്.
SUMMARY: Ranji Trophy; Karnataka register a comfortable win against Kerala


                                    











