കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് ഹൈക്കോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ്, അവർക്ക് വിശദമായ സത്യവാങ്മൂലം സർപ്പിക്കാൻ കേസ് 21 ലേക്ക് മാറ്റിയത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിനുശേഷമാകും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തന്റെ ജീവന് ഭീഷണിയാണെന്നാണ് പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍, സഹപ്രവർത്തകർ, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും ഇപ്പോള്‍ തന്നെ ഭീഷണിയുണ്ട്. കൂടാതെ വലിയ തോതില്‍ സൈബർ ആക്രമണവും നേരിടുന്നതായി പരാതിക്കാരി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ രാഹുലിന്റെ അറസ്റ്റ് ഇന്നുവരെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരാതിക്കാരിയുമായി ഉഭയകക്ഷി ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഗർഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
SUMMARY: Rape case; Arrest of Rahul Mangkootathil MLA postponed till 21st














