ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഓട്ടോ നിരക്കും ഉയർന്നതോടെയാണിത്. സൈക്കിളിനും 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറിനും പ്രതിദിനം 100 രൂപ മുതലാണ് വാടക. ബൈക്കുകളും സ്കൂട്ടറുകളും 450 രൂപ മുതലും ലഭ്യമാണ്.
കോളജ് വിദ്യാർഥികളും ഐടി ജീവനക്കാരുമാണ് കൂടുതലായി ഇവയെ ആശ്രയിക്കുന്നത്. ഒപ്പം നഗരം കാണാനെത്തുന്ന വിനോദസഞ്ചാരികളും ചെലവ് കുറഞ്ഞ യാത്രാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ബൈക്ക് ടാക്സി നിരോധനം ഏർപ്പെടുത്തിയ ജൂൺ പകുതിക്കു ശേഷം ബൈക്കും സൈക്കിളും വാടകയ്ക്കെടുത്തവരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർ പറയുന്നു. ഒരു മണിക്കൂറിനും പ്രതിവാര, പ്രതിമാസ കാലയളവുകളിലേക്കും ഇവ ലഭ്യമാണ്. നമ്മ മെട്രോ നിരക്ക് വർധിപ്പിച്ചതും ഇവയുടെ സ്വീകാര്യത വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
SUMMARY: Rental two-wheelers in demand after bike taxi ban