തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.05നായിരുന്നു സംഭവം. ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് പ്രകമ്പനമുണ്ടായത്.
പ്രകമ്പനത്തില്‍ നാല് വീടുകള്‍ക്ക് വിള്ളലേറ്റു. പള്ളിക്കുന്നത് മംഗലത്തില്‍ ശശി എന്നയാളുടെ വീടിനും തെക്കേക്കര എബി സൈമണ്‍ കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകളിലാണ് വിള്ളലുണ്ടായത്. പ്രദേശത്തെ ഒരു കുഴല്‍കിണറിനും കേടുപാടുണ്ട്. വീടിന്റെ പ്രധാന ഭിത്തിയില്‍ പത്തടിയോളം നീളത്തിലാണ് വലിയ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വലിയ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലും പ്രദേശത്ത് സമാനമായ പ്രകമ്പനം ഉണ്ടായിരുന്നു. പ്രകമ്പനത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും നടന്നുവരികയാണ്.
SUMMARY: Mild earthquake in Thrissur; Locals say they heard tremors from underground, four houses cracked
















