തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തുന്നതിനായാണ് എസ്‌ഐടി വെള്ളിയാഴ്ച ഡിണ്ടിഗലിലെത്തിയത്.
തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനാണ് മണി. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്‍റെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഡി. മണി. തിരുവനന്തപുരത്ത് വച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ ഇടപാടുകള്‍ നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിണ്ടിഗലില്‍ പരിശോധനയ്ക്കായി എത്തിയത്. മണിയെ ചോദ്യം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിലവില്‍ ശബരിമല സ്വർണക്കൊള്ളയുമായി മണിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.
SUMMARY: Sabarimala gold theft: SIT questions D. Mani














