പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്.
എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ മൂന്ന്, ബി ജെപി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പാങ്ങോട് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ പത്തു വോട്ട് എസ്. ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗീത രാജിവയ്ക്കുകയായിരുന്നു.
കോട്ടാങ്ങൽ 14 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്, ബി.ജെ.പി അഞ്ച് വീതം, എസ്.ഡി.പി.ഐ മൂന്ന്, എൽ.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗങ്ങൾ യു.ഡി.എഫിന് അനുകുലമായി വോട്ടുചെയ്യുകയായിരുന്നു. എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇതോടെ യു.ഡി.എഫിലെ കെ.എസ്. ശ്രീദേവിക്ക് എട്ട് വോട്ടും, ബി.ജെ.പിയിലെ മായ ദേവിക്ക് അഞ്ച് വോട്ടും ലഭിച്ചു. എന്നാൽ, ഒരുകക്ഷിയുടെയും പിന്തുണ സ്വികരിക്കില്ലെന്ന മുന്നണി തീരുമാനപ്രകാരം ശ്രീദേവി രാജിവെക്കുകയായിരുന്നു. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
SUMMARY: SDPI’s support is not needed; UDF panchayat presidents resign














