മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
സപ്തശൃംഗി മാതാ ക്ഷേത്രത്തിൽ ദർശനത്തിന് പോകവേ യാത്രമധ്യേ ആയിരുന്നു അപകടം. ഭവേരി വെള്ളച്ചാട്ടത്തിന് സമീപം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്നാണ് റിപ്പോർട്ട്. കീർത്തി പട്ടേൽ (50), രസില പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), പച്ചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വിവരം ലഭിച്ചയുടൻ പോലീസും സപ്തശൃംഗി ഗഡ് ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. എന്നാൽ, കുത്തനെയുള്ള താഴ്ചയും ഇടതൂർന്ന ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു
സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
SUMMARY: Six members of a family die after car falls into 800-foot ravine














