
തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ച് സംസ്ഥാന ബജറ്റ്. പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായാണ് ബജറ്റ് വിഹിതം അനുവദിച്ചത്. നാല് ഘട്ടങ്ങളിലായി അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം-തൃശ്ശൂർ, തൃശ്ശൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ- കാസറഗോഡ് എന്നിങ്ങനെയാണ് നാല് ഘട്ടങ്ങള്‍.
ഉയർന്ന തൂണുകളിലൂടെയുള്ള ഈ ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ സാധിക്കും. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ 583 കി.മീറ്റർ നീളത്തില്‍ റീജണല്‍ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതിക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
സില്‍വർ ലൈൻ അർധ അതിവേഗ (സെമി ഹൈ സ്പീഡ്) പാതയായിരുന്നെങ്കില്‍ നിർദിഷ്ട പദ്ധതി അതിവേഗ (ഹൈ സ്പീഡ്) പാതയാണ്. സില്‍വർ ലൈനിലെ കടുത്ത ജനകീയ പ്രതിഷേധം ഉള്‍ക്കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചും പരിസ്ഥിതിയെ അധികം പരിക്കേല്‍പിക്കാതെയും തൂണുകളിലൂടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സർക്കാറിന് കത്ത് നല്‍കും. ഇതിനാവശ്യമായ കൂടിയാലോചന ആരംഭിക്കാൻ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാല്‍ ധാരണ പത്രത്തില്‍ ഒപ്പുവെക്കും. പദ്ധതിയുടെ സാങ്കേതിക സാമ്ബത്തിക കാര്യങ്ങള്‍, വായ്പാസ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതിക്ക് ഗതാഗത വകുപ്പ് മന്ത്രിസഭക്ക് സമർപ്പിക്കും.
SUMMARY: State Budget; Rs 100 crore for initial phase of high-speed rail














