കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക എസ്.സുജയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ മാനേജ്മെന്‍റിന്‍റേതാണ് നടപടി. മിഥുന്‍ മരണപ്പെട്ട സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങള്‍ നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
വ്യാഴാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.ലൈനിന്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ അധ്യാപകര്‍ ഓടിയെത്തി അകലെയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാന്‍ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികള്‍ നീക്കി ഫീഡര്‍ ഓഫ് ചെയ്തു. അധ്യാപകര്‍ മുകളില്‍ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Student dies of shock in Thevalakkara; Principal suspended