ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആരവല്ലിക്കുന്നുകളുടെ നിർവചനത്തില്‍ വ്യക്തത വേണമെന്ന് നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കാനാണ് നിർദേശം.
ആരവല്ലി കുന്നുകള്‍ എന്താണെന്നും ഈ മേഖലയില്‍ ഖനനം എങ്ങനെ നിയന്ത്രിക്കണമെന്നും ഉള്ള തർക്കവിഷയം വീണ്ടും തുറക്കാനും സമഗ്രമായി പുനഃപരിശോധിക്കാനും കോടതി തീരുമാനിച്ചു. സ്വമേധയാ വാദം കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഡൊമെയ്ൻ വിദഗ്ധരുടെ സഹായത്തോടെ കോടതി വിഷയങ്ങള്‍ വിശദമായി പരിശോധിക്കുന്നതുവരെ നവംബറിലെ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഉയരം അടിസ്ഥാനമാക്കിയുള്ള നിർവചനം, പാരിസ്ഥിതിക തുടർച്ച, അനുവദനീയമായ ഖനനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിലയിരുത്തുന്നതിന് ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കാനും ബെഞ്ച് നിർദേശിച്ചു. പുതിയ നിർവചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
ഇത്തരമൊരു പരിമിതമായ നിർവചനംവഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വർധിക്കാൻ ഇടയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുന്നുകളുടെ ഉയരവും കുന്നുകള്‍ക്കിടയിലെ അകലവും സംബന്ധിച്ചും ഇവയ്ക്കിടയില്‍ ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ നവംബർ 20 ലാണ് സുപ്രീം കോടതി ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിർവചനം അംഗീകരിക്കരിച്ചത്. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്റർ മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്‍റെ നിർവചനത്തില്‍ വരിക. 500 മീറ്റർ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിർവചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ലെന്നും ഉത്തരവില്‍ പരാമർശിച്ചിരുന്നു.
SUMMARY: Supreme Court freezes revised definition of Aravalli Range














